പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിജയന്‍റെ മകള്‍ വിദ്യയാണ് (26) ശനിയാഴ്ച രാത്രി ഭര്‍ത്താവിന്‍റെ ആക്രമണത്തിന് ഇരയായത്. യുവതിയുടെ അച്ഛനും വെട്ടേറ്റിരുന്നു. കഴിഞ്ഞ കുറെനാളായി സന്തോഷും വിദ്യയും അകന്ന് കഴിയുകയാണ്. വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു.
വിദ്യയുടെ കൈകള്‍ തുന്നിചേര്‍ക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെവെച്ചും മറ്റേ കൈയുടെ കൈപ്പത്തിയുമാണ് അറ്റുപോയത്. ഗുരുതര പരിക്കേറ്റ വിദ്യയെയും അച്ഛന്‍ വിജയനെയും തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ചാണ് അതിക്രമം നടത്തിയത്. വിദ്യയുടെ തലയിലും വെട്ടേറ്റിട്ടുണ്ട്. വിദ്യയുടെ അച്ഛന് പിറകിലാണ് വെട്ടേറ്റത്.
