മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്, ഗവര്‍ണറെ വിളിച്ചില്ല

തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. തിരുവനന്തപുരം കെ.ടി.ഡി.സി. മാസ്‌കോട്ട് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. നേരത്തെ, ഗവര്‍ണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു.
ഗവര്‍ണര്‍ എത്തുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണയും ഗവര്‍ണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി ചര്‍ച്ചയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *