ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഓക്റാം ഇബോബിസിംഗിന് നേര വധശ്രമം. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. വെടിവെപ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടത്. ഉഖ്റുലിലെ ഹെലിപാഡില്‍ വച്ച് രാവിലെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ഇബോബി സഞ്ചരിച്ച ഹെലികോപ്ടറിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റു.
ഒരു ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് ഉപമുഖ്യമന്ത്രി ഗെയ്ഖാന്ഗമിനൊപ്പം രാവിലെ ഒമ്ബതരയോടെ ഇംഫാലില്‍നിന്ന് ഉഖ്റുലിലെത്തിയതായിരുന്നു ഇബോബി.
ഹെലിപാഡില്‍ ഇറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ ആയുധധാരികളായ ഒരു സംഘം മുഖ്യമന്ത്രിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയും സംഘവും ഇഫാലിലേയ്ക്ക് തിരിച്ചുപോയി. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരമന്ത്രിസഭാ യോഗം വിളിച്ചു.
