അവതരണം തടഞ്ഞു

ന്യൂഡല്‍ഹി: ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ നാടകാവിഷ്‌കാരം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിന്റെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിര്‍മിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവതരിപ്പിക്കുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. നാടകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി. വിജയന്റെ മകന്‍ മധു വിജയന്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് നടപടി.കേസ് നവംബര്‍ 28ന് വീണ്ടും പരിഗണിക്കും.
ഒ.വി. വിജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെ പകര്‍പ്പവകാശം മധുവിനാണ്. എന്നാല്‍, അദ്ദേഹത്തിന്റെ അനുമതിവാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തും പുറത്തും പലവേദികളിലും അവതരിപ്പിക്കുകയും ചെയ്തു.

നാടകത്തിന്റെ സംവിധായകന്‍ ദീപന്‍ ശിവരാമന് പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി മധു വിജയന്‍ നേരത്തേ നോട്ടീസ് അയച്ചിരുന്നു. നാടകാവിഷ്‌കാരത്തിന് അനുമതി വാങ്ങിക്കൊള്ളാമെന്ന് ദീപന്‍ ഇമെയില്‍ വഴി പ്രതികരിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
നാടകം നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമ്‌ബോഴാണ് മധു കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പകര്‍പ്പവകാശം ലംഘിച്ചുകൊണ്ട് നാടകം നടത്തുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *