കൊച്ചി • ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടിലെ പരിശോധന താനറിയാതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ടീം ലീഡര്‍ എന്ന നിലയില്‍ ആക്ഷേപത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നുവെന്ന് ജേക്കബ് തോമസ് മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യില്‍ പറഞ്ഞു. തെറ്റിദ്ധാരണ നീക്കും, കെ.എം.എബ്രഹാം സഹപ്രവര്‍ത്തകനും സുഹൃത്തുമാണ്. പരിശോധന അറിഞ്ഞപ്പോള്‍ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാന്‍ സന്നദ്ധനായെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റുമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ ആമുഖമായി ഇനി അഞ്ചുഘട്ട പരിശോധന നടത്തും. വിജിലന്‍സിന്റെ പാളിച്ചകള്‍ ഒഴിവാക്കാനാണ് പുതിയ സംവിധാനം.
‘സീറോ മിസ്റ്റേക്ക് സ്ട്രാറ്റെജി’ എന്ന പേരിലാണ് അഞ്ചുഘട്ട പരിശോധനയെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ താനില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. അതു വ്യക്തമാക്കുകയായിരുന്നു സ്ഥാനം ഒഴിയാന്‍ നല്‍കിയ കത്തിന്റെ ലക്ഷ്യം. ആര്‍ക്കെങ്കിലും തന്നെ സംശയമുണ്ടെങ്കില്‍ തുടരാനില്ലെന്നും വ്യക്തമാക്കി. അത് ‘ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍’ മാത്രമെന്നും ജേക്കബ് തോമസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
