ഗുരുദര്‍ശനങ്ങളെ വണങ്ങി സോണിയ ശിവഗിരിയില്‍

തിരുവനന്തപുരം: മാനവിക സമത്വത്തിന്റെ പ്രസക്തിവിളിച്ചോതുന്ന ഗുരുദര്‍ശനങ്ങളെ വണങ്ങി എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധി ശിവഗിരി മഠത്തിലെത്തി. ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം സോണിയ നിര്‍വ്വഹിച്ചു.സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ മഹല്‍ദര്‍ശനങ്ങളെ വഞ്ചിക്കുകയാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും മനുഷ്യര്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കാനുമാണ് ശ്രീനായാരണ ഗുരു ആഹ്വാനം ചെയ്തത്. നെഹ്്‌റുവും ഇന്ദിരയുമടക്കമുള്ള ദേശീയ നേതാക്കള്‍ ഗുരുദര്‍ശനങ്ങളില്‍ ആകൃഷ്ടരായിരുന്നവരാണ്.ആര്‍.ശങ്കറെ കേരളത്തില്‍ മുഖ്യമന്ത്രിയാക്കിയത് അന്നത്തെ എസ്.എന്‍.ഡി.പി.യുടെ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു. എന്നാല്‍ ആ സംഘടനയുടെ ഇന്നലെ നേതൃത്വത്തിന് സാമൂഹ്യനീതി ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നും സോണിയ പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു.ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കായി പുതിയൊരു ഗവേഷണകേന്ദ്രം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ഗുരുദര്‍ശനങ്ങള്‍ കൊണ്ട് നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ചടങ്ങില്‍ കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍,മന്ത്രി കെ.ബാബു,ജോസ്.കെ.മാണി എം.പി.,എ.സമ്പത്ത് എം.പി.,വ്യവസായി എം.എ.യൂസഫലി,വര്‍ക്കല കഹാര്‍ എം.എല്‍.എ.,എം.ഇ.എസ്.ചെയര്‍മാന്‍ ഡോ.ഫസല്‍ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *