വയനാട് : മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദിവാസി ഭൂവിതരണ പദ്ധതിയുടെ ആദ്യഘട്ടമായി 300 പേര്‍ക്ക് ജനുവരി അവസാനത്തോടെ ഭൂവിതരണം നടത്താന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ധാരണയായി. ആദിവാസി ഗോത്ര മഹാസഭ നിര്‍ദ്ദേശിച്ച 212 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണനാ ക്രമത്തില്‍ ആദ്യഘട്ടത്തില്‍ ഭൂമി നല്‍കുക. 300 പേര്‍ ഉള്‍പ്പെട്ട ഒന്നാംഘട്ട ലിസ്റ്റ് ജനുവരി ആറിന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജനുവരി 11 ന് രാവിലെ 11 ന് കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അടുത്ത യോഗത്തില്‍ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. 11 ന് മുമ്പായി സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രിയദര്‍ശിനി പ്ലാന്റേഷനില്‍ വാസയോഗ്യമായ ഭൂമി മുത്തങ്ങ പുനരധിവാസത്തിന് നല്‍കുന്നതിനായി സര്‍വ്വെ നടത്തും. വിതരണം ചെയ്യുന്ന ഭൂമിയിലെ കാടുവെട്ടിത്തെളിച്ച് നല്‍കുന്നതിനു പുറമെ താല്‍കാലികമായി ഷെഡ് പണിയാനുള്ള സാമ്പത്തിക സഹായവും നല്‍കും. പിന്നീട് വീട് നിര്‍മിച്ചു നല്‍കും. കാര്‍ഷിക പാക്കേജ് കൂടി ഭൂമി വിതരണത്തിനൊപ്പം നടപ്പിലാക്കണമെന്ന ഗോത്ര മഹാസഭാ നേതാക്കളുടെ ആവശ്യം ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അംഗീകരിച്ചു.
