ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വീടിന് മുമ്പില്‍ ദേശീയഗാനം ആലപിക്കുമെന്ന് ബിജെപി. ചലച്ചിത്ര മേളയില്‍ സിനിമകള്‍ക്ക് മുന്‍പായി ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയത് കമലിന്റെ നിര്‍ദേശ പ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഷാജുമോന്‍ വട്ടക്കാട് പറഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിന് മുമ്പില്‍ നാളെ രാവിലെ പത്തുമണിക്കാണ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം ആലപിക്കുന്നതെന്നും കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. അതുകൊണ്ടു തന്നെ അവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമല്‍ തന്റെ നിലപാട് വ്യക്തമാക്കേണ്ടതാണെന്നും ഷാജുമോന്‍ പറഞ്ഞു.
