ഡിജിറ്റല്‍മലപ്പുറം പദ്ധതിക്ക് തുടക്കമായി

മലപ്പുറം കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിനായുള്ള കേന്ദ്രപദ്ധതി മലപ്പുറം ജില്ലയില്‍ വ്യാപകമാക്കുന്നു. ജില്ലയില്‍ നടപ്പാക്കുന്ന എന്റെ മലപ്പുറം,ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ.നിര്‍വ്വഹിച്ചു. സവിശേഷമായ എന്തും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെന്ന് ഉബൈദുള്ള പറഞ്ഞു. അക്ഷയ, സാക്ഷരത, കുടുംബശ്രീ തുടങ്ങിയവ ജില്ലയുടെ വിജയ വഴിയിലെ നാഴിക കല്ലുകളാണ്. രാജ്യത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയാകാന്‍ തയ്യാറെടുക്കുന്ന മലപ്പുറം ഈ പദ്ധതി വിജയകരമായി ഏറ്റെടുക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.ചെമ്മങ്കടവ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഷഹിന്‍ എം ആണ് പദ്ധതിക്ക് വേണ്ടി ലോഗോ തയ്യാറാക്കിയത്.  ഷഹിന് പ്രത്യേക ഉപഹാരം എം.എല്‍.എ ചടങ്ങില്‍ നല്‍കി.  കുടുംബശ്രീ തയ്യാറാക്കിയ ഇലക്‌ട്രോണിക്‌സ് പണമിടപാട് സംബന്ധിച്ച വിഡിയോ ചടങ്ങില്‍ പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.യു. അരുണ്‍, വി. രാമചന്ദ്രന്‍, ആര്‍.ഡി.ഒ ടി.വി. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *