എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്കും പട്ടികടി കിട്ടി

ന്യൂഡല്‍ഹി: നാട്ടില്‍ പട്ടികളെ കൊല്ലരുതെന്ന് വാദിച്ച എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്ക് പട്ടി കടിയേറ്റു. ദില്ലിയിലെ കേരളാ ഹൗസിനടുത്തുവെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

നടക്കാനിറങ്ങിയ എല്‍ദോസിനെ കേരളാ ഹൗസിന് മുന്നില്‍ വച്ചാണ് പട്ടികള്‍ ആക്രമിച്ചത്. പട്ടികള്‍ അടുത്ത് വന്നപ്പോള്‍ മൃഗസ്‌നേഹി ആയതുകൊണ്ട് തന്നെ അത്ര കാര്യമാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓടിയെത്തിയ രണ്ട് പട്ടികളും ചേര്‍ന്ന് ആക്രമിച്ചു. പട്ടിയുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഇടത് കാലിന്  മുറിവ് പറ്റി. ധരിച്ചിരുന്ന പാന്റസും പട്ടികള്‍ കടിച്ച് കീറി. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ റോഡിലാണ് കേരളാഹൗസും.
നായ്ക്കളെ കൊല്ലാന്‍പാടില്ലെന്ന, മേനക ഗാന്ധിയുടെ അതേ നിലപാടാണ് എല്‍ദോസ് കുന്നപ്പള്ളിക്കുള്ളത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മൃഗസ്‌നേഹികളെ പങ്കെടുപ്പിച്ച് അദ്ദേഹം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

മേനകാ ഗാന്ധി രാത്രി പുറത്തിറങ്ങാത്തത് കൊണ്ടാവാം ഇതൊന്നും കാണത്തതെന്നും കേരളത്തില്‍ മാത്രമാണ് തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതെന്ന വാദമാണ് ഇതോടെ പൊളിയുന്നതെന്നും എംഎല്‍എ തന്നെ ഇപ്പോള്‍ വിശദീകരിക്കുന്നു. ഒറ്റയ്ക്ക് പുറത്തിറങ്ങുന്നവരെയെല്ലാം കേരളത്തിലായാലും ദില്ലിയിലായാലും പട്ടി കടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *