കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ഡിസിസി പ്രസിഡന്റായി ജോഷി ഫിലിപ്പ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും ഉമ്മന്‍ ചാണ്ടി വിട്ടുനിന്നു. ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം ശ്രദ്ധേയമായത്. ലതിക സുഭാഷും ചടങ്ങില്‍ പങ്കെടുത്തില്ല. എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എംഎല്‍എമാരായ കെ.സി.ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനെ തഴഞ്ഞുവെന്ന് ഉമ്മന്‍ ചാണ്ടിക്ക് ആക്ഷേപമുണ്ട്. ഇക്കാര്യം അദ്ദേഹം പരസ്യമായി രേഖപ്പെടുത്തിയില്ലെങ്കിലും എ ഗ്രൂപ്പിലെ പ്രമുഖനായ എം.എം.ഹസന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. എ വിഭാഗത്തിന്റെ അതൃപ്തി ഹൈക്കമാന്‍ഡിന് നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്വന്തം ജില്ലയിലെ ഡിസിസി പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും ഉമ്മന്‍ ചാണ്ടി വിട്ടുനിന്നത്.
