അഴിമതിക്കെതിരെയല്ല, രാജ്യത്തെ പാവങ്ങള്‍ക്കെതിരെയാണ് നോട്ട് പിന്‍ വലിക്കല്‍ നടപടി: രാഹുല്‍ ഗാന്ധി

ജൗന്‍പൂര്‍(യുപി):  മോഡി സര്‍ക്കാരിന്റെ നോട്ട് പിന്‍ വലിക്കല്‍ അഴിമതിക്കെതിരെയല്ല, മറിച്ച് രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കെതിരെയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജൗന്‍പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ എന്തെങ്കിലും തീരുമാനം മോഡി സര്‍ക്കാര്‍ എടുത്തിരുന്നുവെങ്കില്‍ ഞങ്ങള്‍ പിന്തുണയ്ക്കുമായിരുന്നു. എന്നാല്‍ നോട്ട് പിന്‍ വലിക്കല്‍ രാജ്യത്തെ പാവങ്ങള്‍ക്കെതിരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ മൂന്ന് കാര്യങ്ങളാണ് മോഡിയോട് ആവശ്യപ്പെട്ടത്. വൈദ്യുതി ബില്ലുകളും കടങ്ങളും എഴുതിതള്ളുക, പച്ചക്കറികള്‍ക്ക് കൃത്യമായ വില നിര്‍ണ്ണയിക്കുക എന്നിവയായിരുന്നു അവ.
എന്നാല്‍ പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ 60 ശതമാനം സ്വത്തും ഒരു ശതമാനം പേരുടെ കൈകളിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കള്ളപ്പണത്തിനെതിരെയാണ് പോരാട്ടമെങ്കില്‍ അതെന്താണെന്ന് ആദ്യമറിയണം. എല്ലാ കള്ളപ്പണവും പണമല്ല, എല്ലാ പണവും കള്ളപ്പണമല്ലെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *