കണ്ണൂര്‍/ കരിപ്പൂര്‍ കശ്മീരിലെ പാംപോറിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഔദ്യോദിത ബഹുമതികളോടെ ഏറ്റുവാങ്ങി. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലകണ്ടി വീട്ടില്‍ സി. രതീഷ് മൃതദേഹമാണ് തിങ്കളാഴ്ച്ച രാവിലെ 9.20നാണ് കരിപ്പൂരിലത്തെിയത്. മുംബൈയില്‍ നിന്നുളള എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. മൂടല്‍ മഞ്ഞ് മൂലം ഒരുമണിക്കൂര്‍ വൈകിയാണ് വിമാനം എത്തിയത്. പ്രോട്ടോക്കോള്‍ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ എ.അബ്ദുല്‍ റഷീദ് മൃതദേഹം ഏറ്റുവാങ്ങി. ലെഫ്.കേണല്‍ കെ.വി. അദ്‌ലെ, ലെഫ്.കേണല്‍ രവിചന്ദ്രന്‍, മലപ്പുറം ഡി.വൈ.എസ്.പി. പ്രദീപ്, തലശ്ശേരി തഹസില്‍ദാര്‍ അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. വിമാനത്താവളത്തിലെ ഗാര്‍ഡ് ഓഫ് ഹോണറിന് ശേഷം വാഹനമാര്‍ഗം നാട്ടിലേക്ക് തിരിച്ചു.കോയമ്പത്തൂരില്‍ നിന്നും,കണ്ണൂരില്‍ നിന്നും നിരവധി സൈനികരും,രതീഷിന്റെ കൂടെ ജോലിയിലുളള പ്രവര്‍ത്തകരും കരിപ്പൂരിലെത്തിയിരുന്നു.നിരവധി സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ജന്‍മനാട്ടിലേക്ക് കൊണ്ടുപോയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടന്നത്. ശ്രീനഗര്‍ജമ്മുകാശ്മീര്‍ ദേശീയപാതയില്‍ പാംപോറിലെ കദ്‌ലാബലില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിലാണ് രതീഷ് കൊല്ലപ്പെട്ടത്.
