കരുണിന്റെ പ്രകടനത്തിന് അഭിനന്ദനവുമായി മോദി

ന്യൂഡല്‍ഹി: കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളിയായ കരുണ്‍ നായര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണു പ്രധാനമന്ത്രി കരുണിനെ അഭിനന്ദിച്ചത്. നേട്ടത്തില്‍ ഞങ്ങളെല്ലാവരും സന്തോഷത്തിലാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കരുണ്‍ നായരെ ‘ട്രിപ്പിള്‍ സെഞ്ചുറി ക്ലബ്ബി’ലേക്കു സ്വാഗതം ചെയ്ത് വീരേന്ദര്‍ സെവാഗും അഭിനന്ദനം അറിയിച്ചു. 12 വര്‍ഷവും എട്ടു മാസവും നീണ്ട തന്റെ കനത്ത ഏകാന്തത അവസാനിച്ചുവെന്ന മുഖവുരയോടെയാണ് കരുണിന്റെ നേട്ടത്തെ സെവാഗ് അഭിനന്ദിച്ചത്.

കരുണ്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ നേട്ടം കരുത്താകുമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അതേസമയം, മകനെക്കുറിച്ച് അഭിമാനമുണ്ടെന്ന് പിതാവ് കലാധരന്‍ നായര്‍ പറഞ്ഞു. ചെറുപ്പം മുതല്‍ അവന്‍ കഷ്ടപ്പെടുകയായിരുന്നു. ഇന്ന് അവന്‍ അതു നേടി  പിതാവ് കൂട്ടിച്ചേര്‍ത്തു. വളരെ അഭിമാനമുണ്ടെന്നും സ്വര്‍ഗത്തിലെത്തിയ സന്തോഷമാണെന്നും കരുണിന്റെ അമ്മ പ്രേമ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *