ഫൈസല്‍ വധം തെളിവെടുപ്പ് നടത്തി

തിരൂര്‍: തിരൂരങ്ങാടി  കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളുമായി തിരൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ശേഷം  പ്രതികള്‍  എത്തി  വസ്ത്രങ്ങള്‍  കഴുകുകയും  തീയിടുകയും  ചെയ്ത  തിരൂര്‍  തൃക്കണ്ടിയൂരിലെ  ആര്‍.എസ്.എസ്   ആസ്ഥാനത്താണ്  അന്വേഷണ സംഘം  തെളിവെടുപ്പ്  നടത്തിയത്.

കൃത്യം നിര്‍വഹിച്ച കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള  പ്രതികളായ മംഗലം പുല്ലൂണി കാരാറ്റ്കടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (30), പുല്ലൂണിയില്‍ താമസിക്കുന്ന വെള്ളിയാമ്പുറം സ്വദേശി തടത്തില്‍ സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു (23), വള്ളിക്കുന്ന് ഒലിപ്രം മുണ്ടിയംകാവ്പറമ്പില്‍ പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു (26)
എന്നിവരെ ഉപയോഗിച്ച് തിങ്കളാഴ്ച തിരൂര്‍ തൃക്കണ്ടിയൂര്‍ ലളിതകലാ സമിതി റോഡിലെ ആര്‍.എസ്.എസ് ആസ്ഥാനമായ സംഘ മന്ദിറിലാണ് തെളിവെടുപ്പ് നടത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെയും കൊണ്ട് തിരൂരിലെത്തിയത്.

സംഭവ ശേഷം സംഘ മന്ദിറിലെത്തിയാണ് വസ്ത്രങ്ങള്‍ കഴുകിയതെന്നും വസ്ത്രങ്ങള്‍ കത്തിച്ചതായും പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു തെളിവെടുപ്പ്. വസ്ത്രങ്ങള്‍ കഴുകിയ കെട്ടിടത്തിന്റെ പിന്‍ഭാഗം പ്രജീഷ്‌കുമാര്‍ എന്ന ബാബുവും വസ്ത്രങ്ങള്‍ തീയിട്ട ഭാഗം ശ്രീകേഷ് എന്ന അപ്പുവും പൊലീസിന് കാണിച്ച് കൊടുത്തു.
അന്വേഷണ സംഘാംഗങ്ങളായ സി.ഐമാരായ കെ.എം മുഹമ്മദ് ഹനീഫ (കൊണ്ടോട്ടി), ബാബുരാജ് (തിരൂരങ്ങാടി), സി. അലവി (താനൂര്‍), തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.  തിരൂര്‍ സി.ഐ കെ.എം ഷാജി, എസ്.ഐ കെ.ആര്‍. രഞ്ജിത് എന്നിവരും  തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.

പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലിനെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച്  നവംബര്‍  19 ന് പുലര്‍ച്ചയോടെയാണ്  ബൈക്കിലെത്തിയ  സംഘം  വെട്ടി കൊലപ്പെടുത്തിയത്.   കേസില്‍   സഹോദരി  ഭര്‍ത്താവടക്കമുള്ള  ബന്ധുക്കളെ  നേരത്തേ  അറസ്റ്റ്  ചെയ്തിരുന്നു.   സംഭവത്തിന്റെ  മുഖ്യ സൂത്രധാരനായ  തിരൂര്‍  സ്വദേശിയായ  ആര്‍.എസ്.എസ്  നേതാവ് ഇപ്പോഴും  ഒളിവിലാണ്.  ഇയാള്‍ക്കായി  അന്വേഷണം  ഊര്‍ജിതമാക്കിയതായി  പോലീസ്  പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *