ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്

കൊല്ലം: ഗ്രൂപ്പ് വാക്‌പോരിന് പിന്നാലെ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കി നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമവും. കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കാര്‍ അടിച്ചു തകര്‍ത്തു. ഡിസിസി ഓഫീസില്‍ എത്തിയ ഉണ്ണിത്താന് നേരെയാണ് പ്രവര്‍ത്തകരുടെ കൈയേറ്റവും ചീമുട്ടയേറും നടന്നത്.

കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാവിലെ 10.30 ഓടെയാണ് ഉണ്ണിത്താന്‍ ഡിസിസി ഓഫീസില്‍ എത്തിയത്. ഇതിന് പിന്നാലെ ഐ ഗ്രൂപ്പിലെ കെ.മുരളീധരന്‍ അനുകൂലികള്‍ ഉണ്ണിത്താന് നേരെ കൈയേറ്റം നടത്തുകയായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന വകവയ്ക്കാതെയാണ് ഉണ്ണിത്താന്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

കൈയേറ്റത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൈയ്ക്ക് പരിക്കേറ്റതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയും ഉപാധ്യക്ഷന്‍ സൂരജ് രവിയും സംഭവ സമയം ഡിസിസി ഓഫീസില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *