ന്യൂഡല്‍ഹി: ഇന്ത്യയൊട്ടാകെ സാമൂഹികസാമ്പത്തിക രംഗത്ത് അനവധി മാറ്റങ്ങള്‍ക്ക് കാരണമായ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഇന്നേക്ക് അമ്പത് ദിവസം. നവംബര്‍ എട്ടാം തിയ്യതി നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ നടപടി മൂലമുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ 50 ദിവസത്തിനള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും പ്രശ്നങ്ങള്‍ അധികരിക്കുകയാണ് ഉണ്ടായത്. സാമ്പത്തിക വിദഗ്ദരും പ്രശ്നപരിഹാരം ഇനിയം നീളുമെന്ന സൂചന നല്കുന്നു.
അതേസമയം അസാധുവായ നോട്ടുകള്‍ കൈവശംവയ്ക്കുന്നതു കുറ്റകരമാക്കുന്നതടക്കം കര്ശനവ്യവസ്ഥകള്ക്കായുള്ള ഓര്‍ഡിനന്‍സിനു കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ട് ക്ഷാമം മൂലമുള്ള പ്രതിസന്ധിയും ജനരോഷവും മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും സൂചനയുണ്ട്.
നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നു ധനമന്ത്രാലയം തന്നെ തുറന്നു സമ്മതിക്കുന്നു. ബാങ്കുകളിലെയും എടിഎമ്മുകളിലെയും ക്യൂ തുടരുകയാണ്. വളര്‍ച്ചാ നിരക്കു കുറയുമെന്നു റിസര്‍വ് ബാങ്കും വിവിധ ഏജന്‍സികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതൃപ്തികള്‍ പരിഹരിക്കാന്‍ നികുതി നിരക്ക് കുറയ്ക്കുന്നതടക്കം വരാനിരിക്കുന്ന പൊതുബജറ്റ് ജനകീയമാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നവംബര്‍ ആദ്യവാരം അവസാനിക്കവേ തികച്ചും നാടകീയമായാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.
ഇതിനിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കൃഷി, വിനോദസഞ്ചാരം, നൈപുണ്യവികസനം എന്നിവയ്ക്കു പ്രമുഖ്യം നല്‍കണമെന്ന നിര്‍ദേശം സാമ്പത്തിക വിദഗ്ധര്‍ ഇന്നലെ നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രിക്കു മുന്‍പാകെ വച്ചിട്ടുണ്ട്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കൈവശം വയ്ക്കുകയോ, ക്രയവിക്രയം നടത്തുകയോ ചെയ്യുന്നതു കുറ്റകരമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇന്നു കേന്ദ്രമന്ത്രിസഭായോഗം പരിഗണിക്കും. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധികള്‍ പരിഹരിക്കാനും കറന്‍സി ഇതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച മുഖ്യമന്ത്രിമാരുടെ സമിതിയും ഇന്നു യോഗം ചേരും.
