തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിനു കൂടിക്കാഴ്ചയ്ക്കു മുഖ്യമന്ത്രി അനുമതി നല്‍കി. ജേക്കബ് തോമസിനെതിരേയുള്ള പരാതികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ബന്ധുനിയമന കേസില്‍ വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തില്‍ പൊട്ടിത്തെറിയുണ്ടായത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസുമായി കുറേ നാളായി ഇടഞ്ഞുനിന്നിരുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയയായിരുന്നു.
