ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പട്ടംപറത്തല്‍ ചടങ്ങ് മകര സംക്രാന്തിയിലേക്കു മാറ്റണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ പോഷക സംഘടനയായ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനു കൈമാറിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജനുവരി 14ന് നടക്കുന്ന മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് പട്ടംപറത്തല്‍ ചടങ്ങുകള്‍ നടത്തിയാല്‍ ഒരു പുതിയ പാരമ്പര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നും രാജസ്ഥാനിലും ഗുജറാത്തിലും ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്നും കത്തില്‍ പറയുന്നു. കായിക മന്ത്രി വിജയ് ഗോയലിനാണ് കത്ത് കൈമാറിയത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് വര്‍ഷങ്ങളായി പട്ടംപറത്തല്‍ ചടങ്ങുകള്‍ നടത്തുന്നത്. ഇതിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. 1927ല്‍ സൈമന്‍ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗാമായാണ് പട്ടംപറത്തല്‍ ചടങ്ങ് ആരംഭിച്ചത്.
