കാലിയ റഫീഖിനെ അജ്ഞാത സംഘം വെടിവെച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി

കാസര്‍കോട് : കുപ്രസിദ്ധ ഗുണ്ടാസംഘത്തലവനും കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയുമായ കാസര്‍കോട് ഉപ്പള സ്വദേശി കാലിയ റഫീഖിനെ (48) അജ്ഞാത സംഘം വെടിവെച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. മംഗളൂരുവിന് സമീപം ഉള്ളാളില്‍ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ഉപ്പളയില്‍നിന്ന് മംഗളൂരുവിലേക്ക് കാറില്‍ പോവുകയായിരുന്ന റഫീഖിനെ ഉള്ളാള്‍ കൊടേക്കലിന് സമീപം ലോറിയില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയോടിയ റഫീഖിനെ സംഘം വെടിവച്ചു വീഴ്ത്തുകയായിരുന്നു. നിലത്തു വീണ റഫീഖിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് മംഗളൂരു പൊലീസ് പറയുന്നു.
മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം മടങ്ങിയതെന്നും സൂചനയുണ്ട്.

കേരളത്തിലും കര്‍ണാടകയിലുമായി 45ലേറെ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട കാലിയ റഫീഖ്. മൂന്നു വര്‍ഷം മുന്‍പ് മോഷണക്കേസില്‍ അറസ്റ്റിലായ കാലിയ റഫീഖ് ജയില്‍ ചാടിയത് ഏറെ വിവാദമായിരുന്നു. കാസര്‍കോട്‌നിന്ന് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഉപ്പള, മംഗളൂരു എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *