പിണറായി മംഗലാപുരത്തെ പരിപാടിയില്‍ പങ്കെടുക്കണം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെ പരിപാടിയില്‍ ധൈര്യമായി പങ്കെടുക്കാന്‍ തയ്യാറാവണമെന്ന് വിടി ബല്‍റാം. കര്‍ണാടകം ഭരിക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന മതേതര സര്‍ക്കാറാണെന്ന് ബല്‍റാം പറഞ്ഞു. മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ടെന്നം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മംഗലാപുരത്തെ പരിപാടിയിലെങ്കിലും പിണറായി വിജയന്‍ ധൈര്യമായി പങ്കെടുക്കാന്‍ തയ്യാറാവണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്ന, മതേതര സര്‍ക്കാരാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്ത്വത്തില്‍ കര്‍ണ്ണാടകം ഭരിക്കുന്നത്.

കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ മതേതര നിലപാടുകള്‍ എടുത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍ ജയന്തി അടക്കം ആചരിച്ച് സിദ്ധാരാമയ്യ സംഘപരിവാര്‍ സംഘടനകളെ വെല്ലുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ പ്രതികരണം. പിണറായി വിജയനെതിരെ സംഘപരിവാര്‍ ഫെബ്രുവരി 25ന് മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിക്ക് മറ്റു സംസ്ഥാനങ്ങളിലെ മത സൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്നതാണ് സംഘപരിവാറിന്റെ വാദം.

എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന്റെ നേതാവും കേരളം ഭരിക്കുന്ന ഏകാധിപതിയുമാണ് പിണറായിയെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡണ്ട് എംബി പുരാണിക് ആരോപിച്ചിരുന്നു. നേരത്തെ മധ്യപ്രദേശിലെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ എത്തിയപ്പോഴും സംഘപരിവാര്‍ തടഞ്ഞിരുന്നു. സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയിലാണ് പിണറായി പങ്കെടുക്കുക. വാര്‍ത്താ ഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ലകസ് ഉദ്ഘാടനമാണ് മറ്റൊരു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *