വാഷിംഗ്ടണ്‍: അമേരിക്കയില്‍ അമേരിക്കക്കാര്‍ മാത്രം മതിയെന്ന കടുത്ത നിലപാടില്‍ കുടിയേറ്റക്കാരെ ഒതുക്കാന്‍ കൂടുതല്‍ ശക്തമായ നിയമവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ പാര്‍ക്കുന്നവരെയും കുറ്റകൃത്യങ്ങളില്‍ കുടുങ്ങുന്നവരെയും എന്നന്നേക്കുമായി രാജ്യത്ത് നിന്നും കെട്ടുകെട്ടിക്കാനുള്ള പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന നല്ല മുട്ടന്‍ പണി ആഭ്യന്തര സുരക്ഷാ വിഭാഗം തയ്യാറാക്കി. പദ്ധതി വിജയകരമാക്കുന്നതിന് 15,000 പുതിയ ഉദ്യോഗസ്ഥരെയാണ് എടുക്കുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ മൂന്ന് ലക്ഷം പേര്‍ പുറത്താകുന്ന രീതിയിലാണ് പുതിയ നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നത്. കുടിയേറ്റ നിയമം ലംഘിച്ചതായി തോന്നിയാല്‍ അവരെ അറസ്റ്റ് ചെയ്ത് ഉടന്‍ സ്വരാജ്യത്തേക്ക് അയയ്ക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് അധികാരം നിര്‍ദേശത്തില്‍ പറയുന്നുണ്ട്. താമസരേഖകളും പൗരത്വവും സ്വന്തമായ രേഖകളും ഇല്ലാതെ വര്‍ഷങ്ങളായി അമേരിക്കയില്‍ കിടക്കുന്ന മൂന്ന് ലക്ഷത്തോളം ഇന്ത്യാക്കാര്‍ രാജ്യം വിടേണ്ടി വരും. പുറത്തായാല്‍ പിന്നെ രണ്ടു വര്‍ഷത്തോളം അമേരിക്ക കണികാണാനും പറ്റില്ല.
കുടിയേറ്റക്കാര്‍ കുറ്റവാളികളായാല്‍ ഉടന്‍ പിടികൂടി പുറത്താക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ സാധ്യത കണ്ടാല്‍ പോലും അറസ്റ്റിനാണ് നിര്‍ദേശം. കുടിയേറ്റക്കാരെ പൊക്കാന്‍ മാത്രം 10,000 യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഏജന്റുകളെയും 5000 കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുകളെയും നിയോഗിക്കാന്‍ നിര്‍ദേശമുണ്ട്. പ്രസിഡന്റിന്റെ പുതിയ കുടിയേറ്റ നയം രാജ്യത്തുടനീളമുള്ള ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ അനധികൃതമായി അമേരിക്കയിലേക്ക് കൊണ്ടുവന്ന 750,000 കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന ഔദ്യോഗിക നിര്‍ദേശം 2012 ല്‍ ഒബാമ ഭരണകൂടം പുറത്തുവിട്ടിരുന്നു.
അമേരിക്കയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ ഏകദേശം 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. മെക്‌സിക്കോ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഇവരാണ് അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗമെന്നും മെക്‌സിക്കോടയില്‍ നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നും പറഞ്ഞിരുന്നു. അതേസമയം ട്രംപിന്റെ നിര്‍ദേശം വന്‍ പ്രതിഷേധവും വിളിച്ചു വരുത്തിയിട്ടുണ്ട്.
കുടിയേറ്റക്കാരില്ലാതെ ഒരു ദിവസമില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച അമേരിക്കയിലെങ്ങും പ്രതിഷേധം നടന്നിരുന്നു. വിദേശികള്‍ ഇല്ലാതെ അമേരിക്ക ഇല്ലെന്നും അമേരിക്കയുടെ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
