തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കലിനെത്തുടര്ന്നാണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിട്ടുള്ളത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ താന്‍ സ്വീകരിച്ച നിലപാടാണ് ഈ രാഷ്ട്രീയ പകപോക്കലിനു പിന്നിലെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ടി.പി.ചന്ദ്രശേഖരന് വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളും സെന്‍കുമാര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി.ജയരാജനെതിരെ നിലപാടെടുത്തതാണ് തനിക്ക് ഏറെ വിനയായതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പോലീസ് മേധാവിയായിരുന്നപ്പോള്‍ കണ്ണൂരില്‍ ഉണ്ടായത് ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണെന്നും എന്നാല്‍ ഇപ്പോഴത് മടങ്ങുകളായി വര്‍ധിച്ചുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.
