തിരുവനന്തപുരം: ബംഗാളില്‍ നിന്നും എത്തിച്ച അരി കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത പ്രാഥമിക സംഘങ്ങളുടെ കണ്‍സ്യൂമര്‍ സ്‌റ്റോറുകളിലൂടെയും തെരഞ്ഞെടുത്ത ത്രിവേണി സ്‌റ്റോറുകളിലൂടെയുമാകും അരി വിതരണം ചെയ്യുക.
ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ അരിവീതമാകും നല്‍കുക. തുടര്‍ന്ന് ആഴ്ചകളില്‍ പത്തു കിലോ അരിവീതവും വിതരണം ചെയ്യും. വിഷുവരെ അരി വിതരണം തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഏണിക്കരയില്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ബംഗാളില്‍ നിന്നും 800 മെട്രിക് ടണ്‍ സുവര്‍ണ്ണ അരിയാണ് വിതരണത്തിന് ലഭ്യമാക്കിയത്.
രണ്ടു ദിവസത്തിനുള്ളില്‍ 1700 മെട്രിക് ടണ്‍ അരി കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 490 സഹകരണ സംഘങ്ങളിലൂടെയാണ് അരി വിതരണം ചെയ്യുക.
ആദിവാസി, തീരദേശ, മലയോര മേഖലകളിലും അരി വിതരണത്തിനുള്ള സഹകരണ സംഘങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട് .
