ഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹര്‍ത്താല്‍

കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം പ്രായമുള്ള കുഞ്ഞിനെ വരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ ജൂണ്‍ 15 വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ജനകീയ സമിതി ആഹ്വാനം ചെയ്തു. പ്രകോപനമില്ലാതെയാണ് പോലീസ് തങ്ങളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതെന്നാണ് സമരക്കാരുടെ ആരോപണം.

പുതുവൈപ്പിലെ ജനവാസ മേഖലയില്‍ ഐഒസി ആരംഭിക്കാനിരിക്കുന്ന എല്‍പിജി പ്ലാന്റിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. ഐഒസിയുടെ പുതിയ പ്ലാന്റിനെതിരെ 6 മാസങ്ങള്‍ക്കു മുന്‍പ് തുടര്‍ച്ചയായ സമരം ആരംഭിച്ചിരുന്നു. സമരത്തിനെതിരെ ഐഒസി അധികൃതര്‍ കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്നും പൊലീസ് സംരക്ഷണം ഉള്‍പ്പെടെ നേടിയെടുക്കുകയും ചെയ്തിരുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരായാണ് പ്ലാന്റ് പ്രവര്‍ത്താനുമതി വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്. ഐഒസി പ്ലാന്റിന് കോടതിയില്‍ നിന്നും അനുകൂല വിധി വന്നതോടെയാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *