ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.എസ്. പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപിന് മോദിയുടെ ക്ഷണം. ഈ വര്‍ഷം അവസാനം നടക്കുന്ന എട്ടാമത് ആഗോള സംരഭകത്വ ഉച്ചകോടിയില്‍ യു.എസ് ഡെലിഗേഷനെ നയിക്കാനാണ് പ്രധാനമന്ത്രിയുടെ ക്ഷണം.
മോദിയുമായുള്ള സന്ദര്‍ശനത്തിനുശേഷം യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. അദ്ഭുതത്തോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്ബത്തിക രംഗത്തെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിന് ആഗോള സംരഭകത്വ ഉച്ചകോടിയുടെ യു.എസ് ഡെലിഗേഷനെ നയിക്കാനായി മോദി എന്റെ മകള്‍ ഇവാന്‍കയെ ക്ഷണിച്ചു എന്നറിയിച്ചത്. അവള് ക്ഷണം സ്വീകരിച്ചു എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നുകൂടി അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
‘നന്ദി മിസ്റ്റര്‍ മോദി, ഉച്ചകോടിയിലേക്കുള്ള താങ്കളുടെ ക്ഷണത്തിന്’ എന്ന് ഉടന്‍തന്നെ ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു.
എട്ടാമത് ആഗോള സംരഭകത്വ ഉച്ചകോടിയാണ് (ജി.ഇ.എസ്) ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയായിരുന്നു അതിഥേയര്‍. തുര്‍ക്കി, യു.എ.ഇ, മലേഷ്യ, മൊറോക്കോ, കെനിയ എന്നീ രാജ്യങ്ങളിലാണ് ഇതിന് മുന്‍പ് ജി.ഇ.എസ് നടന്നത്.
