ടെല്‍ അവീവ്: ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന മോദി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഓവസീസ് സിറ്റിസന്‍സ് ഒഫ് ഇന്ത്യ (ഒ.സി.ഐ), പേഴ്സണ്ഒഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും മോദി പറഞ്ഞു. നിലവില്‍, ഇസ്രയേല്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്തര്‍വര്‍ക്ക് മാത്രമെ ഒ.സി.ഐ കാര്‍ഡുകള്‍ ലഭിക്കുകയുള്ളൂ. ഇസ്രയേലില്‍ ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഏതാണ്ട് 6000 പേരാണ് മോദിയെ കാണാനായി ടെല്‍ അവീവ് കണ്വെന്ഷന് സെന്ററിലെത്തിയത്.
ഏഴു പതിറ്റാണ്ടിനിടെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഞാന്‍. ഇത് സന്തോഷത്തിന്റെ ദിനമാണ്. ഇത്തരമൊരു സന്ദര്‍ശനം സാദ്ധ്യമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നത് അതിശയിപ്പിക്കുന്നതാണ്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം പാരന്പര്യം, സംസ്കാരം, പരസ്പര വിശ്വാസം, സൗഹൃദം എന്നിവയുടേതാണ്. അത് ഇനിയും ശക്തിപ്പെടുത്തി മുന്നോട്ട് പോവും കരഘോഷത്തിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സാക്ഷിയാക്കി മോദി പറഞ്ഞു.
നമസ്തേ എന്നു പറഞ്ഞുകൊണ്ടാണ് നെതന്യാഹു ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തത്. ഇന്ത്യാക്കാരോട് സ്നേഹവും ബഹുമാനവുമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലും ഇന്ത്യയും തമ്മില്‍ ‘മാനുഷികമായ പാലം’ രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
