തിരുവനന്തപുരം: പശു സംരക്ഷണത്തിന്റെപേരില്‍ അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലചോദിച്ചു. അക്രമം കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട പ്രധാനമന്ത്രി അതിന് തയ്യാറാവാതെ അധരവ്യായാമം നടത്തുകയാണ്. ഇത് മൂന്നാം തവണയാണ് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമത്തിനെതിരെ മോദി രോഷം കൊള്ളുന്നത്. അത് കഴിഞ്ഞ് പല തവണ പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്നു.
രോഷപ്രകടനമല്ല നടപടിയാണ് പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. സംഘപരിവാര്‍ ശക്തികളുടെ പിന്‍ബലത്തിലാണ് പശു സംരക്ഷകര്‍ അഴിഞ്ഞാടുന്നത്. അവരെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
