കുടുംബശ്രീ നഗര ഉപജീവനമിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവം

കല്‍പ്പറ്റ: നഗര ദാരിദ്യ്ര കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവനമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

 

 

നഗരദരിദ്രരെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട രൂപീകരണം, അയല്‍ക്കൂട്ടങ്ങള്‍ക്കും എഡിഎസുകള്‍ക്കും റിവോള്‍വിങ് ഫണ്ട്, പലിശ സബ്‌സിഡി, സ്വയം തൊഴില്‍ ലോണ്‍, തൊഴില്‍ പരിശീലനം നല്‍കി ജോലി ഉറപ്പാക്കല്‍ തെരുവ് കച്ചവടക്കാരുടെ പുനരധിവാസം, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അഭയകേന്ദ്രം എന്നിവ പദ്ധതിയുടെ ഘടകങ്ങളാണ്.

 
തൊഴില്‍ പരിശീലനം നല്‍കി ജോലി ഉറപ്പ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലും മറ്റു ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഈ കോഴ്‌സുകള്‍ പൂര്‍ണമായും സൌജന്യമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിയും ലഭ്യമാക്കും. വരുമാനദായകമായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപവരെയും പലിശ സബ്‌സിഡിയോടെ ലോണ്‍ ലഭ്യമാക്കും.  ഗുണഭോക്താക്കളാവാന്‍ താല്‍പ്പര്യമുള്ളവര്‍ നഗരസഭകളിലെ ദേശീയനഗര ഉപജീവനമിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *