ഗെയില്‍ സമരം: പ്രക്ഷോഭകര്‍ റോഡ് ഉപരോധിച്ചു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിമാവില്‍ നടന്ന ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ തുടര്‍ന്ന് സമരക്കാര്‍ കോഴിക്കോട് മുക്കം ദേശീയപാത ഉപരോധിച്ചു. പൊലീസ് അറസ്റ്റുചെയ്ത സമരക്കാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ മുക്കം പൊലീസ് സ്‌റ്റേഷനു മുന്നിലും ഉപരോധം തുടരുകയാണ്. സമരക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസുമായി സംസാരിക്കുന്നതിന് സ്‌റ്റേഷനിലേക്ക് കയറാനിരുന്ന മുന്‍ എം.എല്‍.എ എ.സി. മോയിന്‍കുട്ടിയെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

ഇന്ന് രാവിലെ എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് പൊലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് പലതവണ ഗ്രനേഡ് പ്രയോഗിച്ചു. പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 60ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് 200 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.

Leave a Reply

Your email address will not be published. Required fields are marked *