വികസനം മറന്ന് കോണ്‍ഗ്രസ് വളര്‍ത്തുന്നത് മതസ്പര്‍ധ ; അരുണ്‍ ജെയ്റ്റ്‌ലി

അഹമദാബാദ്: ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഹുല്‍ ഗാന്ധിക്ക് ജിഎസ്ടിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും അതിനാലാണ് ജിഎസ്ടിയെ കളിയാകുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. വികസനം മറന്ന് മതസ്പര്‍ധയാണ് കോണ്‍ഗ്രസ് വളര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗുജറാത്തിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നരേന്ദ്ര മോദി എന്ന വ്യക്തിയെ മാത്രമാണ് ലക്ഷ്യം വച്ചിരുന്നതെന്നും, അതിന് അവര്‍ അധികാരത്തിന്റെ എല്ലാ വശവും ഉപയോഗിച്ചിരുന്നുവെന്നും, സിബിഐയെ പോലും അവര്‍ ദുരുപയോഗം ചെയ്തുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇത്തവണ വിചിത്രമായ നീക്കവുമായാണ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നതെന്നും, ഗുജറാത്തിലെ വികസനങ്ങളെ കളിയാക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നതെന്നും, തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വികസനത്തിന്റെ ചര്‍ച്ച മാറ്റി ജാതി രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അത്തരം പ്രവര്‍ത്തികള്‍ക്കായി ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരെയാണ് കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത്. ജാതിയുടെ പേരില്‍ ഗുജറാത്തിനെ വിഭജിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഇത് അപകടകരമാണെന്നും അരുണ്‍ ജെയ്റ്റിലി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *