എടവണ്ണ: വീട് നിര്‍മിക്കാന്‍ പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലിടുമ്പ് പൂവമണ്ണ സ്വദേശി വട്ടപ്പറമ്പന്‍ വി എ അഷ്റഫ് (55)ആണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്വന്തം ബൈക്കിലെത്തി പഞ്ചായത്ത് ഓഫിസിനുള്ളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്ത് ഓഫിസില്‍ എത്തിയ ഇയാള്‍ ബൈക്ക് ഓഫീസിന് മുന്നില്‍ നിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഈ സമയം ഓഫിസിനകത്ത് ജീവനക്കാരന് അകത്തുണ്ടായിരുന്നു. ബൈക്ക് കത്തിച്ച് ഇയാള്‍ രണ്ട് കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായി ഓഫിസിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. ജീവനക്കാരന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്മാറാന് ഇയാള്‍ തയ്യാറായില്ല. ഓഫിസിന്റെ വാതില്‍ അടച്ച് വിഷക്കുപ്പിയും പെട്രോളുമായി ഇയാള്‍ അകത്ത് ഇരുന്നു. പുറത്ത് നിന്ന് ആരുവന്നാലും പെട്രോള്‍ ദേഹത്ത്ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിമുഴക്കി. സംഭവമറിഞ്ഞ് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. എടവണ്ണ പോലീസ് സ്ഥലത്തെത്തിയെങ്കിലും എസ്ഐയെ മാത്രമാണ് തനിക്ക് വിശ്വാസമുള്ളതെന്നും മറ്റാരെയും തനിക്ക് കാണേണ്ടെന്നും ഇയാള്‍ പറയുകയായിരുന്നു. തുടര്‍ന്ന് എസ്ഐ അമൃതരംഗന് ഓഫിസിനകത്ത് കയറി ഇയാളുമായി സംസാരിച്ച് പിന്നീട് പഞ്ചായത്ത് പ്രസിഡന്റിനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അടുത്തു വരുന്ന പദ്ധതിയില്‍ വീടിന്റെ കാര്യം പരിഗണിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് മെഡിക്കല്‍ പരിശോധന നടത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. നിലമ്പൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തിനശിച്ചിരുന്നു.
