പണം തട്ടിയ കേസില്‍ പി.വി അന്‍വറിനെതിരെ കോടിയേരിക്ക് പരാതി

കോഴിക്കോട്: ക്രെഷര്‍ വ്യവസായത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി നല്‍കി. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി സലീം നടുത്തൊടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി നല്‍കിയത്. രേഖാമൂലം നല്‍കിയ പരാതിയില്‍ നീതി ലഭ്യമാക്കണമെന്ന് സലീം ആവശ്യപ്പെട്ടു.

തന്നെ അറിയില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിഷയത്തില്‍ നിന്ന് തലയൂരാനാണ് എം.എല്‍.എ ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. പണം തട്ടിയ സംഭവം സി.പി.എം നേതൃത്വത്തിന് അറിയാമെന്നും പലതവണ ചര്‍ച്ച നടന്നിട്ടും പണം നല്‍കാതെ ഒഴിഞ്ഞു മാറാന്‍ എം.എല്‍.എ ശ്രമിക്കുന്നതായും പരാതിയില്‍ സലീം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറാകാത്തതിനെ തുടര്‍ന്ന് സലീം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്േട്രറ്റ്? കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് വിദേശത്തായിരുന്ന സലീമിനെ കോടതിയുടെ നിര്‍ദേശ പ്രകാരം വിളിച്ചു വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ മഞ്ചേരി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രശ്‌നപരിഹാരം തേടി സലീം സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *