കായല്‍ കൈയേറ്റ കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 15 ലേക്ക് മാറ്റി

ദില്ലി: കായല്‍ കൈയറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിം കോടതി ജനുവരി 15 ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച്‌ തോമസ് ചാണ്ടി നല്‍കിയ കത്ത് പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, എഎം സാപ്രെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിവെച്ചത്. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

തന്റെ കേസ് എഎം സാപ്രെ അടങ്ങിയ ബെഞ്ച് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി നേരത്തെ സുപ്രിം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രിം കോടതി രജിസ്ട്രി ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ബെഞ്ച് മാറ്റമെന്ന തന്റെ ആവശ്യം പിന്‍വലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി കഴിഞ്ഞ ദിവസം കത്തുനല്‍കിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് എഎം സാപ്രെയാണ് തോമസ് ചാണ്ടി പുതുതായി സമര്‍പ്പിച്ച കത്ത് പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഹര്‍ജി മാറ്റിവെക്കുകയാണെന്നും അറിയിച്ചത്.

ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കി മന്ത്രിസഭയില്‍ തുടരാനാവില്ലെന്നായിരുന്നു കേരള ഹൈക്കോടതി തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കവെ നിരീക്ഷത്. ഈ നിരീക്ഷണമായിരുന്നു തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ചതും. തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി ഇന്ന് കോടതിയില്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങള്‍ ഇവയാണ്.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെ ഒരു വ്യക്തി എന്ന നിലയിലാണ് ചോദ്യം ചെയ്തത്. കളക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. മന്ത്രിയായല്ല ഹര്‍ജി നല്‍കിയത്. കളക്ടറുടെ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് നടപടി മാത്രമാണ്. അതിനാല്‍ തന്നെ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമല്ല. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നും മുകുള്‍ റോത്ത്ഗി വാദിക്കും.

തന്റെ അഭിഭാഷകനായ വിവേക് തന്‍ഖയ്ക്ക് ജസ്റ്റിസ് സാപ്രെയുടെ മുന്‍പാകെ ഹാജരാവാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്ബാകെ കേസ് ലിസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രിം കോടതി രജിസ്ട്രിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ഈ ആവശ്യം രജിസ്ട്രി തള്ളുകയായിരുന്നു.

അതേസമയം, നേരത്തെ ഉന്നയിച്ച ആവശ്യം പിന്‍വലിക്കുന്നതായി അറിയിച്ച്‌ തോമസ് ചാണ്ടി ഇന്നലെ കോടതിയില്‍ പുതിയ കത്ത് നല്‍കി. തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുതെന്ന് ചൂണ്ടിക്കാട്ടി സിപിഐ അംഗം മുകുന്ദന്‍ നല്‍കിയ ഹര്‍ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *