മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നടയടച്ചു

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ശബരിമല നടയടച്ചു. പുലര്‍ച്ചെ 4 മണിക്ക് തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേക്ക് യത്രയായി. രാജപ്രതിനിധിക്ക് മാത്രമായിരുന്നു ഇന്ന് അയ്യപ്പ ദര്‍ശനം ഉണ്ടായിരുന്നത്.

പുലര്‍ച്ചെ മൂന്നിന് തിരുനട തുറന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ഭഗവാന് നെയ്ദീപം തെളിച്ചു. 4 മണിയോടെ തന്നെ തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് യാത്രയാരംഭിച്ചു.

രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം ശ്രീകോവില്‍ നടയടച്ച്‌ മേല്‍ശാന്തി താക്കോല്‍ കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. താക്കോല്‍ കൂട്ടവും വരുന്ന ഒരു വര്‍ഷത്തേക്കുള്ള കിഴിപ്പണവും തിരിച്ചു കൈമാറി രാജപ്രതിനിധി പന്തളത്തേക്ക് യാത്രയായി.

ഇതോടെ കഴിഞ്ഞ കുറേ നാളുകള്‍ ശരണമന്ത്രമുഖരിതമായിരുന്ന ശബരിമല ശാന്തമായി.

Leave a Reply

Your email address will not be published. Required fields are marked *