തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. എസ്.പിയോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നിര്‍ദേശം.
ഇതിനിടെ കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന കെ സുധാകരന്റെ ആവശ്യകെ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ആവശ്യത്തില്‍ മൂന്നാഴ്ചയ്ക്കകം ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. മാത്രമല്ല ജയിലില്‍ നിന്ന് പരോളിന് ഇറങ്ങിയ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധമുള്ളവര്‍ തന്നെയാണ് ശുഹൈബിനെ വകവരുത്തിയതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കെ.സുധാകരന്‍ നിരാഹാര സത്യാഗ്രഹവും ആരഭിച്ചിട്ടുണ്ട്.
