കശ്മീര്‍: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി ബന്ധം അവസാനിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് സഖ്യം അവസാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. സഖ്യം തുടരാനാകില്ലെന്നും അതിനാലാണ് പിരിയുന്നതെന്നും രാം മാധവ് വ്യക്തമാക്കി. വളരെ അപ്രതീക്ഷിതമായിട്ടാണ് സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
ബിജെപി സഖ്യം വിട്ടതോടെ മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായി. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത.
കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരുക എന്നത് ബിജെപിയെ സംബന്ധിച്ച് അസാധ്യമാണെന്നും അതിനാല്‍ തങ്ങള്‍ ഒരു തീരുമാനം എടുത്തിരിക്കുകയാണെന്നും രാം മാധവ് പറഞ്ഞു. തങ്ങള്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യവുമായി മുന്നോട്ട് പോകുന്നത് ബിജെപിയ്ക്ക് യാതൊരു വിധത്തിലും ഗുണം ചെയ്യില്ലെന്നും രാം മാധവ് അഭിപ്രായപ്പെട്ടു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
സഖ്യത്തിലായിരുന്നെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പ് നിലനിന്നിരുന്നു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഏറെ നാളായി വഷളായ നിലയിലായിരുന്നു. റംസാന് ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് പിഡിപിയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് പൊടുന്നനെ സഖ്യത്തിന്റെ വേര്‍പിരിയലിലേക്ക് നയിച്ചിരിക്കുന്നത്.
