രാജിവെച്ച്‌ പാകിസ്താനിലേക്ക് പോകൂ അല്ലെങ്കില്‍ കൊന്നുകളയും; ശശി തരൂരിന് യുവമോര്‍ച്ചയുടെ വധഭീഷണി

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി ഡോ. ശശി തരൂര്‍ എംപി സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. രാജിവെച്ച്‌ പാകിസ്താനിലേക്ക് പോകണം അല്ലെങ്കില്‍ വധിക്കുമെന്നാണ് യുവമോര്‍ച്ചയുടെ ഭീഷണിയെന്ന് തരൂര്‍ പരാതിയില്‍ പറയുന്നു.

പുളിമൂട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് 1.40 ഓടെ നാല് ബൈക്കില്‍ എത്തിയ പത്തോളം യുവാക്കള്‍ അക്രമണം നടത്തിയത്. ഓഫിസില്‍ അതിക്രമിച്ച്‌ കയറുന്നത് തടയാന്‍ ശ്രമിച്ച ഓഫിസ് സ്റ്റാഫ് അംഗങ്ങളായ എംഎസ് ജ്യോതിഷ്, സനല്‍കുമാര്‍, പ്രശാന്ത്, എംആര്‍ ബിജു, രാഹുല്‍ മേനോന്‍, ജോര്‍ജ് ലോറന്‍സ്, ദേവാനന്ദ് എന്നിവരെ അസഭ്യം പറയുകയും സനല്‍കുമാറിന്റെ കഴുത്തിന് കുത്തിപ്പിടിച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പരാമര്‍ശിക്കുന്നു.

മാത്രമല്ല, എംപി ഓഫിസില്‍ അപേക്ഷയുമായി എത്തിയ പാറശ്ശാല സ്വദേശി പ്രമോദിനു നേരെ കരിഓയില്‍ പ്രയോഗം നടത്താന്‍ ശ്രമിച്ചു. അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓഫിസിന്റെ ബോര്‍ഡിലും ഓഫിസിന്റെ ഇരുകവാടത്തിലും കരിഓയില്‍ പ്രയോഗം നടത്തി. എംപി ഓഫിസിന്റെ ബോര്‍ഡ് മറയത്തക്കവിധത്തില്‍ പാകിസ്താന്‍ ഓഫിസ് എന്ന് ആലേഖനം ചെയ്ത ബാനര്‍ കെട്ടുകയും ചെയ്തു.

ആക്രമികളുടെ നടപടി ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണ്. ആക്രമി സംഘത്തിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും എംപി ഓഫിസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *