കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ കഴിയില്ല, വിവാദത്തിനില്ലെന്നും: ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ”ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റി ധരിപ്പിക്കാന്‍ കഴിയില്ല. എന്താണെന്നും ഏതാണെന്നും എല്ലാവര്‍ക്കും അറിയാം”- ഉമ്മന്‍ ചാണ്ടി പറ‌ഞ്ഞു.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം രണ്ട് വര്‍ഷം മുന്‍പേ നടക്കേണ്ടിയിരുന്നതാണ് എന്നാല്‍ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് ഒരു പഞ്ചായത്തിന്റെ നിസ്സഹകരണം വിമാനത്താവളത്തിന്റെ വര്‍ക്ക് ഷെഡ്യൂളില്‍ താമസം വരുത്തി. എങ്കിലും റണ്‍വേയുടെ പണി നൂറ് ശതമാനം പൂര്‍ത്തിയാക്കുകയും വിമാനം ഇറക്കുകയും ചെയ്തിരുന്നു.ടെര്‍മിനലിന്റെ പണികള്‍ മാത്രമായിരുന്നു അവശേഷിച്ചത് – ഉമ്മന്‍ ചാണ്ടി പറ‌ഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധത്തിന് കണ്ണൂര്‍ വിമാനത്താവളം സാക്ഷിയായി. ആദ്യ യാത്രകാരനായ നാദാപുരം സ്വദേശി ഫൈസലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ”കണ്ണൂ‌ര്‍ എയ‌‌ര്‍പ്പോര്‍ട്ടിന്റെ രാജശില്‍പി ഉമ്മന്‍ ചാണ്ടിയെ ഉദ്ഘാടനത്തില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു” എന്ന പ്ലക്കാര്‍‌ഡുമായാണ് ഫൈസല്‍ യാത്രക്കായി എത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *