സിബിഐ കേസ്: ജസ്റ്റിസ് എകെ സിക്രിയും പിന്മാറി

ദില്ലി: സിബിഐയിലെ ഇടക്കാല നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എകെ സിക്രിയും പിന്മാറി.

നേരത്തെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

വ്യാഴാഴ്ച്ച സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ സമിതിയോഗത്തില്‍ പങ്കെടുക്കുന്നു എന്നതാണ് രഞ്ജന്‍ ഗൊഗോയി കാരണമായി സൂചിപ്പിച്ചത്. അതിനുശേഷമാണ് കേസ് രണ്ടാം നമ്ബര്‍ കോടതിയില്‍ ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് കേസ് കേള്‍ക്കും എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

ഇതിനെതുടര്‍ന്നാണ് സിക്രി അധ്യക്ഷനായ രണ്ടാം നമ്ബര്‍ കോടതിയില്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വരറാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് ഇന്ന് പരിഗണിക്കാന്‍ വെച്ചത്. അഞ്ചാം നമ്ബര്‍ കേസായി പരിഗണിച്ച ഉടന്‍തന്നെ കേസ് കേള്‍ക്കുന്നില്ല എന്ന് ജസ്റ്റിസ് സിക്രി അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ കേസില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്തുമെന്നും അതുകൊണ്ട് കേസ് കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ കേസ് കേള്‍ക്കുന്നില്ല എന്ന് ജസ്റ്റിസ് എകെ സിക്രി വ്യക്തമാക്കി.

പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിക്കുമെന്നും സിക്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *