പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടിയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണെന്നും സിപിഐഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞു. നേരത്തേ, ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണത്തില്‍ എ.കെ. ബാലന്, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്. തുടര്‍ന്ന് പരാതി അന്വേഷിച്ച കമ്മീഷന് ശശിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഈ അന്വേഷണ രീതിയെ മുന്‍ നിര്‍ത്തിയാണ് ബല്‍റാമിന്റെ പരിഹാസം.
