ആര്‍.എസ്​.എസും എസ്​.ഡി.പി.ഐ.യും ഒരു നാണയത്തിന്‍െറ ഇരുവശങ്ങള്‍ -കോടിയേരി

കൊച്ചി: ആര്‍.എസ്​.എസും എസ്​.ഡി.പി.ഐ.യും ഒരു നാണയത്തിന്‍െറ ഇരുവശങ്ങളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. രണ്ട്​ കൂട്ടരും ഒരേ തരത്തില്‍ ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളാണ്​. ആര്‍.എസ്​.എസിന്‍െറ മുസ്​ലിം പതിപ്പാണ്​ എസ്​.ഡി.പി.ഐ. ഈ രണ്ട്​ വര്‍ഗീയ ശക്തികളും കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ്​ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന്​ നിന്നുകൊടുക്കാത്തത്​ കേരളത്തി​ന്‍െറ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ്​ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന്​ കൊല്ലപ്പെട്ട എസ്​.എഫ്​.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍െറ സ്​മാരകത്തിന്‍െറ ശിലാസ്ഥാപനം കലൂരില്‍ നിര്‍വഹിക്കുകയായിരുന്നു കോടിയേരി.

കേരളത്തിന്‍െറ മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളാണ്​ നടന്നുകൊണ്ടിരിക്കുന്നത്​. ഒരു ​പ്രദേശത്ത്​ ഇടതുപക്ഷ പ്രസ്ഥാനം ദുര്‍ബലമായാല്‍ ആരാണ്​ മേധാവിത്തം സ്ഥാപിക്കുകയെന്നത്​ ഇന്ന്​ രാജ്യം തെളിയിച്ചു കഴിഞ്ഞു. നമ്മുടെ സംസ്ഥാനത്ത്​ വര്‍ഗീയ ശക്തികള്‍ക്ക്​ ഇന്നേ വരെ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടി​ല്ലെന്നും കോടിയേരി പറഞ്ഞു.

നവോത്ഥാന നായകന്‍മാര്‍ നവോത്ഥാന ആശയങ്ങള്‍കൊണ്ട്​ ഉഴുതുമറിച്ച ഈ മണ്ണില്‍​ ഇടതുപക്ഷ പ്രസ്ഥാനമാണ്​ ആ ആശയങ്ങളെ മുന്നോട്ട്​ കൊണ്ടു പോകാന്‍ ഇടപെട്ടത്.​ അതിനാലാണ്​ കേരളം ഗുജറാത്ത്​ പോലെയോ ഉത്തരേന്ത്യന്‍ സംസ്ഥാനം പോലെയോ ആവാതെ മതനിര​േപക്ഷതയില്‍ അടിയുറച്ച്‌​ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *