ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്വയം പര്യാപ്ത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക നടപടിയാണു കല്‍ക്കരിയെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്ത കൈവരിക്കേണ്ടതിന്റെ വലിയ പാഠമാണ് കോവിഡ് ഇന്ത്യയെ പഠിപ്പിച്ചത്. പ്രതിസന്ധികളെ അവസരമാക്കി മാറ്റും. ഇറക്കുമതി ഉല്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരുമെന്നും ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് മൂലമുള്ള സാന്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഭാരത് നടപടികളുടെ ഭാഗമായാണ് കല്‍ക്കരി ഖനികള്‍ ലേലം ചെയ്യുന്നത്. 41 കല്‍ക്കരി ഖനികളാണ് ആകെ ലേലം ചെയ്യുന്നത്.
