ദുരന്തം പതിയിരിക്കുന്ന ടേബിള്‍ടോപ് റണ്‍വെ

മലപ്പുറം-പൈലറ്റ് വസന്ത് സാത്തേ എന്നും ഈ റെണ്‍വെയെ കുറിച്ച് ആശങ്കാകുലനായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ് റണ്‍വെയിലൂടെ വിമാനമോടിക്കുന്നത് ഏറെ ദുഷ്‌കരമാണെന്ന് ഏറെ പരിചയസമ്പന്നനായി അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കാറുണ്ടായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതാന്ത്യവും അതേ റണ്‍വെയില്‍ തന്നെ സംഭവിച്ചു.
അതിസാഹസികമായ ലാന്റിംഗിന് പേരുകേട്ട കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ടോപ്പ് റണ്‍വെ ഇത്തവണ സാക്ഷ്യം വഹിച്ചത് അതിദാരണമായ വിമാനദുരന്തത്തിനാണ്. ഇന്ത്യയിലെ തന്നെ അപകടകരമായ റണ്‍വെ എന്ന് പൈലറ്റുമാര്‍ വിശേഷിപ്പിക്കാറുള്ള കരിപ്പൂര്‍ റണ്‍വെയില്‍ അപകടങ്ങള്‍ ഏറെയൊന്നും ഉണ്ടായിട്ടില്ലെങ്കിലും അപകടസാധ്യത ഓരോ വിമാനത്തെയും പിന്തുടരുന്നുണ്ട്. മംഗലാപുരം വിമാനത്താവളത്തിലെ ടേബിള്‍ടോപ്പ് റണ്‍വെയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനം ലാന്റിംഗിനിടെ തെന്നിമാറി നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞത്.അവിടെ വിമാനം പൂര്‍ണമായും കത്തിയെങ്കില്‍ ഇന്നലെ കരിപ്പൂരില്‍ മഴ കാരണം തീപിടുത്തം ഒഴിവാകുകയായിരുന്നു.
കുന്നിനുമുകളില്‍ വിമാനമിറങ്ങുന്ന ടേബിള്‍ടോപ്പ് റെണ്‍വെ ഇന്ത്യയില്‍ തന്നെ അപൂര്‍വമായി മാത്രമാണുള്ളത്. അതിസാഹസികമാണ് ഇവിടുത്തെ ലാന്റിംഗ്. റണ്‍വെക്ക് പരിമിതമായ നീളം മാത്രമുള്ളതിനാല്‍ വിമാനം നിയന്ത്രിക്കുന്നതില്‍ പൈലറ്റുമാര്‍ക്ക് അസാധാരണമായ കഴിവു വേണം. ലാന്റിംഗിനിടെ നിയന്ത്രണത്തില്‍ ചെറിയൊരു പിഴവു വന്നാല്‍ യാത്രക്കാരുമായി വിമാനം കൂപ്പുകുത്തുന്നത് വലിയൊരു ഗര്‍ത്തത്തിലേക്കാണ്. ഇന്നലെ റണ്‍വെയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചതും താഴ്്ന്ന സ്ഥലത്തേക്കാണ്. വീഴ്ചയുടെ ആഘാതത്തിലാണ് വിമാനം നെടുകെ പിളര്‍ന്നത്. അപകടത്തിന്റെ ആഘാതത്തില്‍ വിമാനത്തിന്റെ ഏറ്റവും മുന്നിലുള്ള കോക്പിറ്റ് പാടെ തകര്‍ന്നു. പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മരണത്തിന് കാരണമായത് ഇതാണ്.

Leave a Reply

Your email address will not be published. Required fields are marked *