രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്
കൊണ്ടോട്ടി- കൊറോണ വ്യാപനം മൂലം കണ്ടെയ്‌മെന്റ് സോണിലായ കൊണ്ടോട്ടിയിലെ ജനങ്ങള്‍ മഹാദുരന്തത്തിന്റെ മണ്ണിലേക്ക് ഓടിയെത്തിയത് മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്തുകയെന്ന ഒരൊറ്റ ലക്ഷ്യവുമായിട്ടായിരുന്നു. കോവിഡ് ഭീതിയെയും മഴയെയും കൂസാതെ അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയായി.
രാത്രിയില്‍ വലിയൊരു പൊട്ടിത്തെറി ശബ്ദവും ആരവങ്ങളും കേട്ടാണ് വിമാനത്താവളെ നിലനില്‍ക്കുന്ന കൊണ്ടോട്ടിക്കടുത്തെ കരിപ്പൂരിലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് കേട്ട ശബ്ദം ഏതോ ദുരന്തത്തിന്റെ നിലവിളിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. കോവിഡ് നാളുകളുടെ ഭീതിയും കാലവര്‍ഷത്തിന്റെ ഭീഷണികളുമായി ആശങ്കകളുമായി കഴിയുന്ന ആളുകള്‍ക്കിടയിലേക്ക് ദുരന്തത്തിന്റെ സൂചനകളുമായാണ് ദുബായില്‍ നിന്നുള്ള വിമാനം പറന്നിറങ്ങിയത്.
വിമാനത്താവളത്തിന്റെ പരിസരവാസികള്‍ അപകടശേഷം റെണ്‍വെയിലേക്ക് പാഞ്ഞെത്തുകയായിരുന്നു. പൊട്ടിത്തകര്‍ന്ന വിമാനത്തിലേക്ക് രക്ഷാപ്രവര്‍ത്തനവുമായി ചെല്ലുന്ന വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം അവരും ചേര്‍ന്നു. എന്താണ് സംഭവിച്ചതെന്നും എന്തു ചെയ്യണമെന്നോ അറിയാതെ ആളുകള്‍ പകച്ചു നിന്ന നിമിഷങ്ങള്‍. വലിയൊരു ദുരന്തത്തിന്റെ ഇരകളാണ് മുന്നിലുള്ളതെന്നറിഞ്ഞതോടെ ഓരോരുത്തരം കഴിയാവുന്ന സഹായങ്ങളുമായി മുന്നോട്ടു വന്നു. ഫോണ്‍വിളികള്‍ നാടെങ്ങും പരന്നു. ആംബുലന്‍സുകള്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ പോയി. ലഭ്യമായ വാഹനങ്ങളില്‍ അപ്പോഴേക്കും വിമാനയാത്രക്കാരെ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റിത്തുടങ്ങി. വൈകാതെ ആംബുലന്‍സുകളെത്തി ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട്ടെയും മഞ്ചേരിയിലെയും ആശുപത്രികളിലേക്ക് മാറ്റി.
വിമാനത്തില്‍ നിന്ന് ഇന്ധനം ചോര്‍ന്നെന്ന സംശയം ഇതിനിടെ അപകടസ്ഥലത്ത് ആശങ്ക പരത്തിയിരുന്നു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വിമാനത്തിന്റെ ഇന്ധനടാങ്ക് തകരുകയും വന്‍ തീപിടുത്തമുണ്ടാകുകയും പതിവാണ്. എന്നാല്‍ മഴമൂലം അന്തരീക്ഷം തണുത്തിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്്‌സ് എത്തി വെള്ളം ചീറ്റി വാതകചോര്‍ച്ച മൂലമുള്ള അപകടസാധ്യത ഇല്ലാതാക്കുകയായിരുന്നു.
അപകടം നടന്നയുടനെ കൊണ്ടോട്ടി എം.എല്‍.എ.യായ ടി.വി.ഇബ്രാഹിം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തകരെ ഏകോപിപ്പിച്ചും ആംബുലന്‍സുകളെത്തിക്കാന്‍ നിര്‍ദേശം നല്‍കിയും അദ്ദേഹം ഏറെ നേരം അവിടെയുണ്ടായിരുന്നു.
മന്ത്രി എ.സി.മൊയ്തീന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പി.കെ.കുഞ്ഞാലികുട്ടി എം.പി. തുടങ്ങിയ നേതാക്കളും രാത്രി തന്നെ വിമാനത്താവളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
