‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ ഇനി അറബിയിലും വായിക്കാം

കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന ചെറുകഥാ സമാഹാരം ഇനി അറബിക്കിലും വായിക്കാം. പാലക്കാട് ജില്ലയിലെ കൂറ്റനാട് കരിമ്പ സ്വദേശിയും വിപ്രോ കമ്പനിയിലെ കൊച്ചി ഓഫീസില്‍ അറബിക് ഡോക്യുമെന്റ് അനലിസ്റ്റുമായ അബ്ദുള്ള വാഫിയാണ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.ഈജിപ്തിലെ മുന്‍നിര പ്രസാധകരായ ദാറു സുക്രിയയാണ് പുസ്തകം പുറത്തിറക്കുന്നത്.
ചെറുകഥകള്‍ മാത്രം എഴുതിയിട്ടുള്ള ടി.പത്മനാഭന്റെ ഏറ്റവും പ്രശസ്തമായ പുസ്തക സമാഹാരങ്ങളിലൊന്നായ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയില്‍ 12 കഥകളാണുള്ളത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ഈ സമാഹാരം നേരത്തെ നിരവധി വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ റഷ്യന്‍,ഫ്രഞ്ച്,ജര്‍മ്മന്‍ തുടങ്ങിയ ഭാഷകളില്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അറബിക്കില്‍ ഫത്താഅത്തുന്‍ തന്‍സുറുളൗഅ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.215 പേജുകളാണുള്ളത്.
വിവര്‍ത്തനം നിര്‍വ്വഹിച്ചിട്ടുള്ള അബ്ദുള്ള വാഫി നിരവധി ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുള്ള യുവ പണ്ഡിതനാണ്. വളവനൂര്‍ ബാഫഖി വാഫി കോളേജ്,മദ്രാസ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് അറബിക് ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.ബാഫഖി കോളേജില്‍ മുന്‍ അധ്യാപകനും അമേരിക്കന്‍ കമ്പനിയായ ഹയര്‍ റൈറ്റില്‍ സീനിയര്‍ എക്‌സിക്യൂട്ടിവുമായിരുന്നു. കൂറ്റനാട് കരിമ്പ സ്വദേശികളായ ചാലാച്ചിയില്‍ മൊയ്തുണ്ണി-ആയിഷ ദമ്പതികളുടെ മകനാണ്.ഭാര്യ: മുഹസിന. മകള്‍: ആയിഷ നജൂദ്. സഹോദരങ്ങള്‍:ഷരീഫ്, ശഹീര്‍.

Leave a Reply

Your email address will not be published. Required fields are marked *