സ്‌നേത്തിന്റെ സമ്മാനവുമായി ശരത്തിന്റെ വീട്ടില്‍ പാണക്കാട് ബഷീറലി തങ്ങളെത്തി

മലപ്പുറം: ദുരന്തം സമ്മാനിച്ച ജിവീത വ്യഥകളില്‍ നിന്ന് പ്രത്യാശയുടെ നാളുകളിലൂടെ മുന്നേറുന്ന ശരത്തിന്റെ വീട്ടിലേക്ക് സ്‌നേഹസമ്മാനവുമായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെത്തി.
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ ശരത്തിനെ കാണാനാണ് ബഷീറലി തങ്ങള്‍ എത്തിയത്. പാണക്കാട് തങ്ങള്‍ കുടുംബം നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് ഓണത്തോടനുബന്ധിച്ച് ബഷീറലി തങ്ങള്‍ സന്ദര്‍ശനം നടത്തിയത്. മലപ്പുറം മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് ഹകീം കോല്‍മണ്ണ, ശരതിനും കുടുംബത്തിനും വീടു വക്കാന്‍ സ്ഥലം വിട്ടു നല്‍കിയ ആരിഫ് കളപ്പാടന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുടുംബത്തിന് ഓണസമ്മാനങ്ങള്‍ നല്‍കിയ ശേഷം അവര്‍ക്കൊപ്പം സദ്യയുണ്ടാണ് മടങ്ങിയത്.
ശരതിന്റെ അച്ഛനും അനിയനും ഇളയമ്മയും ചേര്‍ന്ന് ബഷീറലി തങ്ങളെ സ്വീകരിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഓണക്കിറ്റും ഓണപ്പുടവകളും കുടുംബത്തിന് കൈമാറി. തിരുവോണസദ്യ കഴിച്ച് കുടുംബത്തിന് ഐശ്വര്യപൂര്‍ണമായ ഓണം ആശംസിച്ചാണ് മടങ്ങിയത്.
കഴിഞ്ഞ പ്രളയത്തിലാണ് മണ്ണിടിഞ്ഞ് കോട്ടക്കുന്ന് ചെരുവിലെ ശ്രീജിത്തിന്റെ വീട് നിലംപൊത്തിയത്. അമ്മയും ഭാര്യയും കുഞ്ഞും ദുരന്തത്തില്‍ മരിച്ചിരുന്നു. ശരത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞ പാണക്കാട് കുടുംബം വീടു നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആരിഫ് കളപ്പാടന്‍ സംഭാവന ചെയ്ത സ്ഥലത്ത് എട്ടു മാസം കൊണ്ടാണ് വീടുപണി പൂര്‍ത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *