നീറ്റ് പരീക്ഷക്ക് മികച്ച സൗകര്യമൊരുക്കി മഅദിന്‍ അക്കാദമി

മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സ് നിറച്ച് മലപ്പുറം മഅദിന്‍ അക്കാദമി. നീറ്റ് പരീക്ഷാ കേന്ദ്രമായ മലപ്പുറം സ്വലാത്ത് നഗറിലെ മഅദിന്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടെയെത്തിയ രക്ഷിതാക്കള്‍ക്കും വിവിധ സൗകര്യങ്ങളാണ് മഅദിന്‍ കാമ്പസിലൊരുക്കിയത്. പോലീസ്, ആരോഗ്യ വകുപ്പ് എന്നീ വിഭാഗങ്ങളുടെ മികച്ച സേവനം പരീക്ഷ സുഗമമായി നടത്തുന്നതിന് സഹായകമായി.
ഉച്ചക്ക് 2 നാണ് പരീക്ഷ തുടങ്ങിയതെങ്കിലും രാവിലെ 10 മണിയോടെ പരീക്ഷാര്‍ത്ഥികള്‍ കാമ്പസിലെത്തിത്തുടങ്ങിയിരുന്നു. അവര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പ്രാഥമിക കൃത്യങ്ങള്‍ക്കായി ടോയ്ലെറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിയുന്നത് കാത്ത് പരീക്ഷാ ഹാളിനു പുറത്ത് നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ മഅ്ദിന്‍ കാമ്പസില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള വിപുലമായ ഇരിപ്പിട സൗകര്യങ്ങളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കി.
കേന്ദ്രത്തിലെത്തിയവര്‍ക്ക് ചായയും പലഹാരങ്ങളും വിതരണം ചെയ്തത് പരീക്ഷക്കെത്തിയവര്‍ക്ക് അനുഗ്രഹമായി. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളെ വിജയാശംസകള്‍ നേര്‍ന്നാണ് മഅ്ദിന്‍ ഭാരവാഹികളും ജീവനക്കാരും യാത്രയാക്കിയത്. പരീക്ഷക്ക് ശേഷം എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അണു വിമുക്തമാക്കലും ശുചീകരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *