പയ്യന്നൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും മതിയായ സംരക്ഷണം ഉറപ്പുവരുത്താന്‍ ജില്ല െപാലീസ് ചീഫിന് ഹൈകോടതി നിര്‍ദേശം നല്കി. പയ്യന്നൂര്‍ നഗരത്തിലെ 15ാം വാര്‍ഡ് സ്ഥാനാര്‍ഥി എസ്.കെ. മുഹമ്മദ്, രാമന്തളി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കെ.വി. ആബിദ, പതിനഞ്ചിലെ കെ.പി. രാജേന്ദ്രകുമാര്‍, എരമം-കുറ്റൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് സ്ഥാനാര്‍ഥി എം. മുര്‍ഷിദ് എന്നിവര്‍ അഡ്വ. പി.എം. ഹബീബ് മുഖേന നല്കിയ ഹരജിയിലാണ് ഉത്തരവ്.
വോട്ടര്‍മാരെ വഴിയില്‍ തടയുന്നിെല്ലന്നും ഭീഷണിപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്താനും കോടതി നിര്‍ദേശിച്ചു. പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങും വിഡിയോ കവറേജും ഏര്‍പ്പെടുത്തുമെന്നും സമാധാനപരവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷന് കോടതിയെ അറിയിക്കുകയും അത് കോടതി രേഖപ്പെടുത്തുകയും ചെയ്തു. പയ്യന്നൂര്‍ നഗരസഭയിലെ 15 സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. നാരായണന് നല്കിയ ഹരജിയിലും ഇത്തരത്തില്‍ ഉത്തരവായിട്ടുണ്ട്.
അഞ്ചരക്കണ്ടി: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും സംരക്ഷണം ഉറപ്പുവരുത്താന്‍ ഹൈകോടതി നിര്‍ദേശം. കണ്ണൂര്‍ ജില്ല പൊലീസ് ചീഫിനാണ് ഹൈകോടതി നിര്‍ദേശം നല്‍കിയത്. വേങ്ങാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ജസ്ലീന ടീച്ചര്‍, നാലാം വാര്‍ഡ് സ്ഥാനാര്‍ഥി ഹുസൈന് വേങ്ങാട് എന്നിവര്‍ നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്. വോട്ടര്‍മാരെ വഴിയില്‍ തടയുന്നില്ലെന്നും ഭീഷണിപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം സി.ആര്.പി.എഫിനെ അടക്കം വിന്യസിച്ച് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബൂത്തുകളില്‍ വെബ് കാമറ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുവരും കഴിഞ്ഞ മാസം ഹൈകോടതിയെ സമീപിച്ചത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അന്നത്തെ മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ഹുസൈന് വേങ്ങാട് ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
