രണ്ടാം വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ മുത്തലാഖ്; മലപ്പുറം സ്വദേശിക്കെതിരെ കേസ്

മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. വിദേശ വ്യവസായിയിയായ പാറന്തോട് ഹസന്‍ കുട്ടിക്കെതിരെ കൊളത്തൂര്‍ പൊലീസാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ പാങ്ങ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ആദ്യകേസാണ് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുള്ള ഹസന്‍കുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെയാണ് മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചത്. ഹസന്‍കുട്ടിയുടെ സ്ഥാപനത്തില്‍ അഞ്ചുമാസം മുമ്ബ് ജോലിയില്‍ പ്രവേശിച്ച യുവതി ഹസന്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് നവംബര്‍ 11ന് യുവതിയുടെ വീട്ടില്‍ വച്ച്‌ വിവാഹം നടന്നു. വിവരം ആദ്യഭാര്യ അറിയരുതെന്ന നിബന്ധനയോടെ രഹസ്യമായായിരുന്നു ചടങ്ങുകള്‍. അതിനാല്‍ തന്നെ മഹല്ലുകളുടെ അനുമതി തേടിയിരുന്നില്ല. വിവാഹ ധനമായി ഒരുലക്ഷം രൂപ യുവതിക്ക് നല്‍കി. തുടര്‍ന്ന് വിവാഹശേഷം കോട്ടയ്ക്കലിലെ ഹോട്ടലില്‍ അഞ്ചുദിവസം താമസിക്കുകയും ചെയ്‌തു. പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഹസന്‍കുട്ടി ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *